
ചണ്ഡീഗഢ്: കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, പഞ്ചാബ് മുൻ എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു പാർട്ടി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. യാഥാർഥ്യത്തിൽ നിന്നു വിട്ടുനിന്ന് “സ്വപ്നലോകത്തിൽ” കഴിയുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ വിമർശനം. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും അവർ ആരോപിച്ചു.
പാർട്ടിയുടെ പഞ്ചാബ് ഘടകത്തിൽ വ്യാപക അഴിമതി നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ നവ്ജ്യോത് കൗർ, ഈ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു. അടിത്തട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധിക്ക് നേരിട്ടുള്ള പരിചയം ഇല്ലെന്നും, “ഗ്രൗണ്ട് സീറോയിൽ” നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ പോലും വ്യക്തമായ തെളിവുകളില്ലെന്ന് നവ്ജ്യോത് കൗർ പറഞ്ഞു. “രാഹുൽ ഗാന്ധി സംസാരിക്കുന്നത് നന്നായിരിക്കും, പക്ഷേ പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്,” എന്നും അവർ വിമർശിച്ചു. പഞ്ചാബ് കോൺഗ്രസിലെ അനീതികളെക്കുറിച്ച് രാഹുലിനെ അറിയിക്കാൻ എട്ട് മാസത്തോളം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു. ടിക്കറ്റുകൾ വിറ്റുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച നവ്ജ്യോത് കൗർ, താഴെത്തട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാതെ ഒരു നേതാവിന് ആ സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും തുറന്നടിച്ചു.
“പഞ്ചാബിനുവേണ്ടി ഞങ്ങൾ എല്ലാം ഉപേക്ഷിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനവും ഏഴ് വകുപ്പുകളും എംപി സ്ഥാനവും വാഗ്ദാനം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. സ്വന്തം ആളുകൾ അഴിമതിയിൽ കുടുങ്ങിയിരിക്കുമ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്തിനാണ്?” എന്നായിരുന്നു അവരുടെ ചോദ്യം. പാർട്ടിയിലെ സത്യസന്ധരായ പ്രവർത്തകരുടെ ശബ്ദം കേൾക്കാൻ നേതൃത്വത്തിന് സമയമില്ലെന്നും, ഈ നിലയിൽ കോൺഗ്രസ് പഞ്ചാബിൽ ജയിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, നവ്ജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഭൂപേഷ് ബാഗൽ കഴിഞ്ഞയാഴ്ച അറിയിച്ചു. പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുശേഷമായിരുന്നു ഈ നടപടി.
62 വയസ്സുള്ള നവ്ജ്യോത് കൗർ സിദ്ദു മുൻപ് ബിജെപിയിലായിരുന്നു. 2012 മുതൽ 2016 വരെ എംഎൽഎയായിരുന്ന അവർ പിന്നീട് കോൺഗ്രസിൽ ചേർന്നു. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനുമായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയാണ് അവർ.











